
ദോഹ: തൊഴിലാളികള്‍ക്ക് വേതനം നല്‍കിയില്ലെന്ന കാരണത്താല്‍ പാകിസ്ഥാന്‍ ഖത്തറിനെ ചോദ്യം ചെയ്തതായി അടുത്തിടെ ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഖത്തറിലെ പാകിസ്ഥാന്‍ അംബാസഡര്‍ സയ്യിദ് അഹ്‌സാന്‍ റാസ ഷാ തള്ളി. ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന 700 പാകിസ്ഥാന്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട പാകിസ്ഥാന്‍ തൊഴിലാളികളുടെ വേതന പ്രശ്‌നത്തെക്കുറിച്ച് തനിക്ക് അറിവില്ല. അതേസമയം പാകിസ്താന്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പരാതികളുണ്ട്. പക്ഷെ അവ സ്റ്റേഡിയം ജോലിയുമായി ബന്ധപ്പെട്ടതല്ല. കോവിഡിന്റെ തുടക്കം മുതല്‍തന്നെ ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹികാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ഉത്മാന്‍ അല്‍ഫഖ്‌റുവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
അഞ്ച് പതിറ്റാണ്ട് മുമ്പ് ഖത്തര്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇരു രാജ്യങ്ങളും ശക്തമായ നയതന്ത്ര ബന്ധം ആസ്വദിച്ചുവരുന്നതായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കവെ അംബാസഡര്‍ പറഞ്ഞു. രാഷ്ട്രീയം, സാമ്പത്തിക, വ്യാപാരം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും ഖത്തറിനും പാകിസ്താനുമിടയിലെ ബന്ധം ക്രമാനുഗതമായി വളര്‍ന്നു. ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും നേതൃത്വം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കോവിഡ് -19 ന്റെ ആദ്യ ദിവസങ്ങളില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഖത്തരി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തിയെന്നും സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് സഹകരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 8000ലധികം പേര്‍ പാകിസ്താനിലേക്ക് മടങ്ങിപ്പോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 95 ശതമാനത്തിലധികം പേരും മടങ്ങിയിട്ടുണ്ട്.