in

തൊഴിലാളികളുടെ ക്ഷേമം: തൊഴിലുടമകള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: ഖത്തറില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് തൊഴിലുടമകളോടു ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ് സംശയകരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള 16000 ഹോട്ട്‌ലൈന്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സംരഭകത്വ തലങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം വളര്‍ത്തണം. പ്രധാന സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കുകയും തൊഴിലാളികള്‍ക്ക് കയ്യുറകള്‍, സംരക്ഷണ മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പടെയുള്ള സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യണം. താമസസ്ഥലത്തിന്റെ പ്രവേശന കവാടത്തില്‍ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ താപനില നിരന്തരം പരിശോധിക്കണം.
പുറപ്പെടുമ്പോഴും മടങ്ങിയെത്തുമ്പോഴും തിരക്ക് കുറ്ക്കുന്നതിനും പൊതു ഇടങ്ങളിലെ ചലനം പരിമിതപ്പെടുത്തുന്നതിനും ജോലി സമയവും ഭക്ഷണ സമയവും വിഭജിക്കണം. തൊഴിലാളികള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍ പ്രത്യേകിച്ചും ഭക്ഷണം കഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും വേര്‍തിരിക്കുന്ന അടയാളങ്ങള്‍ നിലത്ത് പതിപ്പിക്കണം. ഡൈനിങ് ഏരിയകളിലും മറ്റെല്ലാ പൊതുസ്ഥലങ്ങളിലും ഇരിപ്പിടങ്ങള്‍ക്കിടയില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. താമസിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തുപോകാതെ തന്നെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താന്‍ സഹായിക്കുന്നതിന് താമസ സ്ഥലത്ത് തൊഴിലാളികള്‍ക്ക് സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കണം.
തൊഴിലാളികള്‍ക്ക് മതിയായ പാര്‍പ്പിട സൗകര്യമൊരുക്കുന്നതിന്റെ വ്യവസ്ഥകളും സവിശേഷതകളും സംബന്ധിച്ച് 2014 ലെ 18-ലെ മന്ത്രിതല തീരുമാനം നടപ്പാക്കുമ്പോള്‍ തൊഴിലുടമ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മന്ത്രാലയം വിശദീകരിച്ചു. താമസ സൗകര്യത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കണം. മുറിയിലെ തൊഴിലാളികളുടെ എണ്ണം നാലു പേരില്‍ കൂടരുത്. ഓരോ കിടക്കക്കും കുറഞ്ഞത് ആറു മീറ്ററെങ്കിലും സ്ഥലം അനുവദിക്കണം. അനുയോജ്യമായ അണുനാശിനികളും ഡിറ്റര്‍ജന്റുകളും ഇടയ്ക്കിടെ ലഭ്യമാക്കണം.
കൂടാതെ എല്ലാ മുറികളും നന്നായി വായുസഞ്ചാരമുള്ളതായിരിക്കണം. താമസ സൗകര്യത്തിലെ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി മരുന്നുകള്‍, ആന്റിസെപ്റ്റിക്‌സ് എന്നിവ ഉള്‍പ്പടെയുള്ള പ്രഥമശുശ്രൂഷ കിറ്റുകള്‍ നല്‍കണം. ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് ഒരു പ്രഥമ ശുശ്രൂഷാ ഓഫീസറെ അല്ലെങ്കില്‍ പ്രഥമശുശ്രൂഷയില്‍ അംഗീകൃത പരിശീലന കോഴ്‌സ് ലഭിച്ച താമസക്കാരില്‍ ഒരാളുടെ സാന്നിധ്യം ഉറപ്പാക്കണം.
പാര്‍പ്പിട മാലിന്യങ്ങള്‍ തുടര്‍ച്ചയായും ആരോഗ്യകരമായും നീക്കം ചെയ്യണം. പാര്‍പ്പിട സൗകര്യം വൃത്തിയാക്കുന്നതിന് തൊഴിലാളികളെ നിയോഗിക്കണം. ഓരോ കെട്ടിടത്തിനും സൂപ്പര്‍വൈസറുമുണ്ടാകണം. ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ച് താമസക്കാരില്‍ അവബോധം ചെലുത്തണം.
ആനുകാലിക അറ്റകുറ്റപ്പണി നടത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും മറ്റും തൊഴിലുടമയെ അറിയിക്കണം. തൊഴില്‍ സുരക്ഷയും ആരോഗ്യ ആവശ്യകതകളും ലംഘിക്കുന്ന സാഹചര്യത്തില്‍, നിയമ നടപടിക്രമങ്ങള്‍ ബാധകമാകും. മന്ത്രാലയത്തില്‍ കമ്പനിയുടെ രജിസ്ട്രി താല്‍ക്കാലികമായി നിര്‍ത്തിവെക്കും.
തൊഴിലാളികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ അന്വേഷിക്കുന്നതിനും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മന്ത്രാലയം 40280660 എന്ന ഹോട്ട്ലൈന്‍ അനുവദിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജനങ്ങളുടെ സുരക്ഷ: അമീറിന്റെ നിലപാട് പ്രശംസനീയമെന്ന് ചൈന

കോവിഡ് പ്രതിരോധം: ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എന്‍ എച്ച് ആര്‍ സി ടീം സന്ദര്‍ശിച്ചു