in

നിര്‍മ്മാണത്തൊഴിലാളികള്‍ക്കും പ്രതിദിന പ്രവര്‍ത്തനസമയം ആറുമണിക്കൂര്‍

ദോഹ: പൊതു സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കു പുറമെ രാജ്യത്തെ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും പ്രതിദിന പ്രര്‍ത്തനസമയം ആറുമണിക്കൂറായി നിശ്ചയിച്ചു. അതേസമയം സര്‍ക്കാര്‍ പദ്ധതി തൊഴിലാളികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ജോലി സമയം, സുരക്ഷ, താമസം എന്നിവ സംബന്ധിച്ച് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. ഇതുപ്രകാരം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍മാണത്തൊഴിലാളികള്‍ക്കടക്കം ദിവസത്തില്‍ ജോലി സമയം ആറുമണിക്കൂറായി നിയന്ത്രിക്കണമെന്ന് മന്ത്രാലയം സ്വകാര്യ കമ്പനികളോടു ആവശ്യപ്പെട്ടു. ജോലിസ്ഥലത്ത് ഒരു സമയം നാലില്‍ കൂടുതല്‍ ജീവനക്കാര്‍ ഒരു മുറിയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ വ്യക്തിഗത യോഗങ്ങളും ആഭ്യന്തര നീക്കങ്ങളും നിയന്ത്രിക്കണമെന്നും കമ്പനികളോടു ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ ഓഫീസുകളിലോ വര്‍ക്ക് സൈറ്റുകളിലോ കൂട്ടത്തോടെ പ്രവേശിക്കാന്‍ പാടില്ല. ഓരോരുത്തരായി വേണം പ്രവേശിക്കുകയും പുറത്തുകടക്കുകയും വേണ്ടത്. ഇക്കാര്യം കര്‍ശനമായി ഉറപ്പുവരുത്തണം.
പങ്കിട്ട ഡൈനിങ് റൂമുകള്‍, ചെയ്ഞ്ചിങ് റൂമുകള്‍ തുടങ്ങിയ പൊതുഇടങ്ങള്‍ ഒരേസമയം പരിമിത എണ്ണം ജീവനക്കാര്‍ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഓഫീസിനുള്ളില്‍ ഒത്തുചേരലുകള്‍ പാടില്ല. ഓഫിസില്‍ ഒരു മുറിയില്‍ നാലു ജീവനക്കാരില്‍ കൂടുതല്‍ പാടില്ല. സുരക്ഷിത അകലം പാലിക്കണം. എല്ലാ വ്യക്തിഗത യോഗങ്ങളും പരിശീലന പ്രോഗ്രാമുകളും റദ്ദാക്കണം.
തൊഴിലിടങ്ങളും ഓഫിസുകളിലും ശുചിത്വം പാലിക്കണം. ജീവനക്കാര്‍ക്ക് മാസ്‌കുകളും കയ്യുറകളും സാനിട്ടൈസറുകളും നല്‍കണം. തൊഴിലാളികള്‍ക്കിടയില്‍ വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം വ്യാപകമാക്കണം.
കൈകള്‍ പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വ്യക്തിശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ച് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. തൊഴില്‍ സുരക്ഷ, ആരോഗ്യ വിഭാഗം, ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കണം. തൊഴിലിടങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവരെ കൃത്യമായി തിരിച്ചറിയാനുള്ള പദ്ധതി നടപ്പാക്കണം. തൊഴില്‍ സുരക്ഷ, വരുമാനം, സ്വദേശങ്ങളിലെ കുടുംബങ്ങളെക്കുറിച്ചുള്ള ചിന്ത തുടങ്ങി ആശങ്കകള്‍ കണക്കിലെടുത്ത് മാനസികാരോഗ്യം ഉറപ്പാക്കണം.
തൊഴിലാളികളുടെ ആരോഗ്യപരിശോധനാ നടപടികള്‍ക്കായി ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്തണം. പ്രമേഹം, ഹൃദ്രോഗം, ശ്വസന സംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ നടപടികള്‍ ഉറപ്പാക്കണം.
താമസ സമുച്ചയങ്ങള്‍, ശുചിമുറികള്‍, അടുക്കള , കാന്റീന്‍ തുടങ്ങി തൊഴിലാളികള്‍ ഉപയോഗിക്കുന്ന എല്ലാ ഇടങ്ങളും വൃത്തിയായി സൂക്ഷിക്കണം. അണുവിമുക്തമാക്കിയിരിക്കണം. താമസ സ്ഥലങ്ങളില്‍ ഊണുമുറി, വസ്ത്രം മാറുന്ന സ്ഥലം തുടങ്ങി പൊതുവായുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണം. വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. ഒത്തുചേരലുകള്‍ പാടില്ല. തൊഴിലാളികളെയും കൊണ്ടു പോകുന്ന ബസില്‍ മൊത്തം സീറ്റിന്റെ പകുതി പേര്‍ മാത്രമേ ഉണ്ടാകുകയുള്ളു.
തൊഴില്‍ ഇടങ്ങളിലേക്ക് പോകുന്നതിനായി തൊഴിലാളികളെ ബസില്‍ കയറ്റുന്നതിന് മുമ്പും ജോലി കഴിഞ്ഞ് തിരികെ ബസില്‍ കയറുമ്പോഴും അവരുടെ ശരീര ഊഷ്മാവ് പരിശോധിക്കണം. സ്വകാര്യ മേഖലയിലെ കമ്പനികള്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണം. തൊഴിലാളികളില്‍ കോവിഡ്-19 ബാധിതരായവര്‍ സുഖം പ്രാപിച്ച് മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് മാനസിക, സമൂഹ പിന്തുണയും നല്‍കിയിരിക്കണം.
തൊഴിലാളികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ 16000 എന്ന നമ്പറില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം. തൊഴിലാളിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടും അക്കാര്യം ആരോഗ്യ അധികൃതരെ അറിയിച്ചില്ലെങ്കില്‍ തൊഴിലുടമ നിയമനടപടികള്‍ നേരിടേണ്ടി വരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് ബാധിതരായ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ സേവനങ്ങള്‍ തുടരും

ലോകകപ്പ് തൊഴിലാളികളുടെ സംരക്ഷണം: മുന്‍കരുതലുകളെടുത്തതായി സുപ്രീംകമ്മിറ്റി