in

ആരവങ്ങളോടെയെത്തിയത് ആയിരങ്ങള്‍;  ആവേശമുണര്‍ത്തി ലോക കപ്പ് ട്രോഫി പര്യടനം

ലോക കപ്പ് ട്രോഫിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന കുട്ടികള്‍

സ്വന്തം ലേഖകന്‍  /ദോഹ: ലോക കപ്പ് ആരവങ്ങള്‍ക്ക്  മാസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണര്‍ത്തുന്ന ചാമ്പ്യന്‍ ട്രോഫി പര്യടനവുമായി സംഘാടക സമിതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രോഫിയെ വരവേല്‍ക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. വ്യാഴാഴ്ച ആരംഭിച്ച ട്രോഫി പര്യടനം ആദ്യ ദിനത്തില്‍ ആസ്‌പെയര്‍ പാര്‍ക്കിലായിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക്കൂട്ടമായ മഞ്ഞപ്പടയുടെ ബാന്‍ഡ് പ്രകടനം

അവധി ദിനമായ വെള്ളിയാഴ്ച ഇന്‍ഡസ്ട്രയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഇന്നലെ ലുസൈല്‍ മറീനയിലുമായിരുന്നു ചടങ്ങ്. വൈകീട്ട് ആറു മുതല്‍ ഒമ്പതു വരെയായിരുന്നു പ്രദര്‍ശനം. ലോക നായകരായി വളര്‍ന്ന പെലെ, മറഡോണ, സിനദിന്‍ സിദാന്‍ തുടങ്ങി പുതുകാലത്തെ താരങ്ങളായ ഹ്യുഗോ ലോറിസും ഫിലിപ്പ് ലാമും വരെയുള്ള ചാമ്പ്യന്‍മാര്‍ ഉയര്‍ത്തിയ കപ്പ് കാണാന്‍ ഏറ്റവും അരികിലെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍.

കിലോമീറ്ററുകളോളം ജനബാഹുല്യമുണ്ടായ എല്ലായിടത്തും നിശ്ചിത സമയത്തിനു മുമ്പേ തന്നെ വന്‍ ജനക്കൂട്ടമെത്തി. ട്രോഫിയുടെ ചിത്രമെടുക്കാനും സെല്‍ഫിയെടുക്കാനും സകുടുംബം സ്വദേശികളും വിദേശികളുമായ ആളുകള്‍ തിക്കിതിരക്കി. വിവിധ സമ്മാനങ്ങള്‍ നേടാനുള്ള മത്സരങ്ങളും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഒരുക്കിയിരുന്നു.  

ഡി ഫോര്‍ ഡാന്‍സ് ടീം നൃത്തപ്രകടനം

ഫുട്‌ബോള്‍ ഷൂട്ടിംഗ് ചാലഞ്ച്, കുടുംബ വിനോദ പരിപാടികള്‍, ഫെയിസ് പെയിന്റിംഗ്, ഫഌഗ് മേക്കിംഗ്, ഗെയിമിംഗ് കോര്‍ണര്‍, സംഗീത പരിപാടികള്‍ എന്നിവയും ട്രോഫി പര്യടന പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഏഷ്യന്‍ ടൗണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബാന്‍ഡ് പ്രകടനം വേറിട്ടതായി. ലോക കപ്പിന് മുന്നോടിയായി ചാമ്പ്യന്‍സ് ട്രോഫി ലോക പര്യടനംഉടന്‍ ആരംഭിക്കും.

ഇതിന് മുന്നോടിയായിരുന്നു രാജ്യത്തിനകത്തെ പര്യടന പരിപാടികള്‍. ചൊവ്വാഴ്ച ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറയില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ശേഷം ലോക പര്യടനത്തിന് തുടക്കമാവും. പിന്നീട് നവംബര്‍ 21-ന് ഉത്ഘാടന മത്സരത്തിന് മുന്നോടിയായി മാത്രമേ ട്രോഫി ദോഹയില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് സംഘാടകര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പി സുരയ്യ ടീച്ചർക്ക് സ്വീകരണം നൽകി

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തി