ദോഹ: ലോക കാലാവസ്ഥാ വേദികളിലും പാരിസ്ഥിതിക ചര്‍ച്ചകളിലും നേതൃത്വം വഹിക്കാന്‍ ഖത്തറിനു കഴിയുമെന്ന് പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന്‍ അമിതാവ് ഘോഷ്.
അറബ് യൂത്ത് ക്ലൈമറ്റ് മൂവ്‌മെന്റ് ഖത്തര്‍ ദോഹ മുശൈരിബ് ഡൗണ്‍ടൗണിലെ ബിന്‍ ജെല്‍മൂദ് ഹൗസില്‍ സംഘടിപ്പിച്ച കാലാവസ്ഥയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രംഗത്ത് ആഗോള ശബ്ദമാവാനും സ്വാധീനിക്കാനുമുള്ള ശേഷി ഖത്തറിനുണ്ട്. കാലാവസ്ഥാ വ്യതിയാനത്തില്‍ മറ്റൊരു കാഴ്ചപ്പാട് കൊണ്ടുവരികയും ഏഷ്യയില്‍ നിന്നുള്ള പ്രത്യേക നിലപാടുയര്‍ത്തിക്കൊണ്ടുവരുന്ന തരത്തിലേക്ക് അത് മാറുകയും ചെയ്തു.
ഇത് ആഗോളതലത്തില്‍ സജീവമാവേണ്ടതുണ്ട്. വാസ്തുവിദ്യയില്‍ പോലും ഖത്തര്‍ കാലാവസ്ഥാ അനുയോജ്യമായ രീതിയെ പിന്തുടരുന്നത് അഭിലഷണീയമാണ്. ഫിഫ ലോകകപ്പ് വ്യത്യസ്തമായി സംഘടിപ്പിച്ച് ഖത്തര്‍ മാതൃക കാണിച്ചു. ഇതുവരെ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ മത്സരമായി അത് മാറുകയും ചെയ്തു. ഏഷ്യയില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് മഹത്തരവും അവിശ്വസനീയവുമാണ്.
ഏഷ്യക്ക് പുതിയ സാധ്യതകള്‍ കൂടി അത് ഉണ്ടാക്കുന്നുണ്ടെന്നും ഘോഷ് പറഞ്ഞു. ബദല്‍ ഊര്‍ജ്ജങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നാം സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബ് യൂത്ത് ക്ലൈമറ്റ് മൂവ്‌മെന്റ് ഖത്തര്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ ഹെസ്സ അല്‍നുഐമി മോഡറേറ്ററായിരുന്നു. ചെറുരാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനും പ്രകൃതി സൗഹൃദ അടിസ്ഥാന വികസന സൗകര്യങ്ങളൊരുക്കാനുമുള്‍പ്പെടെ വികസനപരമായി സഹായിച്ച് ഖത്തര്‍ പല തലങ്ങളില്‍ ഈ മുന്നേറ്റത്തിലുണ്ടെന്നും ഐക്യരാഷ്ട്രസഭ പൊതുസഭക്ക് ഖത്തര്‍ അതിന്റെ സംഭാവന നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.