
ദോഹ: ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനവും കാണാതെ പറഞ്ഞ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി വിദ്യാര്‍ഥിനി. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ പരിശീലനത്തിനൊടുവിലാണ് എംഇഎസ് ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസുകാരി കെസിയ സൂസന് ജോണ്‍ ലോക റെക്കോര്‍ഡ് നേടിയത്. കേവലം രണ്ടു മിനുട്ട് 52 സെക്കന്റിലാണ് 195 ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനവും ഈ കൊച്ചുമിടുക്കി കാണാതെ പറഞ്ഞത്. നവംബര്‍ 15നാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടംനേടിയത്. അഞ്ചു വയസ്സു മുതല്‍ തന്നെ കെസിയ സൂസൂസന് ഇത്തരമൊരു പ്രാവീണ്യം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെയെല്ലാം പേരുകള്‍ കെസിയക്ക് മനപാഠമാണ്. എംഇഎസ്സിലെ അന്തര്‍ സ്കൂള്‍ ക്വിസ് മത്സരങ്ങളിലെല്ലാം പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. കെസിയയുടെ നേട്ടത്തെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദറും അധ്യാപകരും മാനേജ്മെന്റും അഭിനന്ദിച്ചു. മാവേലിക്കര സ്വദേശിയും ഖത്തര്‍ ഗ്യാസിലെ പ്രൊജക്ട് മാനേജരുമായ ജോണ്‍ അലക്സാണ്ടര്‍ മണപ്പള്ളിലിന്റെയും നൂര്‍ ക്ലിനിക്കിലെ ഫിസിയോതെറാപ്പിസ്റ്റ് ലിന്‍ജു ജോണിന്റെയും മകളാണ് കെസിയ സൂസന്. എംഇഎസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവാന മരിയയും ജെയ്ദന്‍ ജോണുമാണ് സഹോദരങ്ങള്‍.