in ,

ഒഴുക്കിനിടയിലും മോഹ പുസ്തകങ്ങള്‍ സ്വന്തമാക്കാം; ലോകത്തെ ഏറ്റവും വലിയ ചങ്ങാട പുസ്തകമേള 25 മുതല്‍ ദോഹയില്‍

ഫ്‌ളോട്ടിംഗ് ബുക് ഫെയര്‍ ജീവനക്കാര്‍ ലോഗോസ് ഹോപ് കപ്പലിനു മുമ്പില്‍ (Pic: ലോഗോസ് ഹോപ് വെബ്‌സൈറ്റ്)

അശ്‌റഫ് തൂണേരി/ദോഹ:

നേരിയ ഒഴുക്കിലും ഓളപ്പരപ്പിലും മോഹ പുസ്തകങ്ങള്‍ സ്വന്തമാക്കാം. ലോക വായനയുടെ അതിവിശാലതയിലേക്ക് സഞ്ചരിക്കാം. ഖത്തറിലെ മിന തീരത്തേക്ക് ഒഴുകിയെത്തുന്ന ലോഗോസ് ഹോപ് എന്ന കപ്പലിലാണ് ലോകത്തെ ഏറ്റവും വലിയ ചങ്ങാട പുസ്തക മേളക്ക് അരങ്ങൊരുങ്ങുക. ജൂണ്‍ 25 മുതല്‍ ജൂലൈ 2 വരെയാണ് ഫ്‌ളോട്ടിംഗ് ബുക് ഫെയര്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.അറുപതിലധികം ലോക രാജ്യങ്ങളിലെ അയ്യായിരം ടൈറ്റിലുകള്‍ ലഭ്യമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് 4 മുതല്‍ രാത്രി പത്തുവരേയും വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ രാത്രി 11 വരേയുമാണ് സന്ദര്‍ശകര്‍ക്കുള്ള സമയം. അഞ്ച് റിയാല്‍ ആണ് പ്രവേശന ഫീസ്. ഖത്തറിലെ ആകര്‍ഷക വിനോദ സഞ്ചാര കേന്ദ്രമായി ഇതിനകം മാറിയ മിന മേഖലയിലെ ദോഹ തുറമുഖത്ത് ലോഗോസ് ഹോപ് നങ്കൂരമിടും.

ഇപ്പോള്‍ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോള സമൂഹത്തിന് വായനാരംഗത്ത് സംഭാവന നല്‍കുന്നതിന് പുറമെ പുതിയ രീതിയില്‍ ആളുകളെ ഇതിലേക്ക് പ്രേരിപ്പിക്കുക കൂടി ഇത്തരം പുസ്തകമേളയുടെ ലക്ഷ്യമാണെന്ന് ലോഗോസ് ഹോപ് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി പ്രവര്‍ത്തിക്കുന്ന ക്രൂ ഉള്‍പ്പെടെ ജീവനക്കാര്‍ ശമ്പളമില്ലാത്ത വളണ്ടിയര്‍മാര്‍ മാത്രമാണെന്ന പ്രത്യേകതയുണ്ട്. കപ്പലില്‍ 60 ഓളം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍, എഞ്ചിനീയര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, പാചകക്കാര്‍ തുടങ്ങി നിരവധി പേര്‍ സേവനമനുഷ്ഠിക്കുന്നു. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, പൗര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചാണ് അവര്‍ അവരുടെ ചെലവിനുള്ള വക കണ്ടെത്തുന്നതെന്നും ലോഗോസ് ഹോപ് വിശദീകരിച്ചു. കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കൂടി സന്ദര്‍ശിച്ച് സീഷെല്‍സിലേക്കാണ് ലോഗോസ് ഹോപ്പിന്റെ യാത്ര. കെനിയ, താന്‍സാനിയ, മഡഗാസ്‌കാര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലൂടെ മൊസാംബികില്‍ 2024 ജനുവരിയില്‍ പര്യടനം അവസാനിപ്പിക്കാനാണ് പദ്ധതി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസി കൗണ്‍സലിങ്ങ് സെന്‍ററും ലീഗല്‍ സെല്ലും അനിവാര്യം: ജെ.കെ.മേനോന്‍

ഖത്തര്‍ മലയാളി സമ്മേളന ഒരുക്കങ്ങള്‍ തുടങ്ങി, ലോഗോ പുറത്തിറക്കി