Saturday, August 15ESTD 1934

ഡബ്ല്യുടിഒ പാനല്‍ റിപ്പോര്‍ട്ട്: സഊദി അറേബ്യക്കെതിരെ ഖത്തര്‍

ദോഹ: ലോകവ്യാപാര സംഘടനയുടെ(ഡബ്ല്യുടിഒ) പാനല്‍ റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കാനുള്ള സഊദി അറേബ്യയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ഖത്തര്‍. കേസ് തങ്ങളുടെ പക്കല്‍നിന്നും പൂര്‍ണമായി നഷ്്ടപ്പെട്ടുവെന്ന തിരിച്ചറിവില്‍നിന്നുകൊണ്ടാണ് സഊദി അപ്പീല്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബൗദ്ധിക സ്വത്തവകാശത്തിലെ വ്യാപാരവുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ സഊദി അറേബ്യ ലംഘിച്ചതായി ജൂണ്‍ 16ന് ഡബ്ല്യുടിഒ പാനല്‍ ഏകകണ്ഠമായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോടുള്ള സഊദിയുടെ ആദ്യ പ്രതികരണം അതിശയകരമായിരുന്നു.
സഊദിയുടെ നിലപാടിനെ പൂര്‍ണമായും ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും സന്തോഷമുണ്ടെന്നുമായിരുന്നു സഊദിയുടെ ആദ്യപ്രതികരണം. എന്നാല്‍ ആ റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കാനുള്ള സഊദിയുടെ ശ്രമം കേസ് തങ്ങളുടെ ഭാഗത്തുനിന്നും നഷ്ടപ്പെട്ടുവെന്ന് അവര്‍ പൂര്‍ണമായി മനസിലാക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. സഊദിയെ ന്യായീകരിക്കുകയും റിപ്പോര്‍ട്ടില്‍ ആത്മാര്‍ഥമായി സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്താല്‍ പിന്നെ അപ്പീല്‍ നല്‍കേണ്ട കാര്യമില്ല- വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ ഒഴിവുകഴിവുന്നയിച്ച് ഡബ്ല്യുടിഒയുടെ ട്രിപ്‌സ് കരാറിനു കീഴിലുള്ള ബാധ്യതകളില്‍ നിന്നും ഒഴിയാന്‍ സഊദിക്കാകില്ലെന്ന് ഡബ്ല്യുടിഒ പാനല്‍ വ്യക്തമാക്കിയിരുന്നു. സഊദി അറേബ്യയുടെ ആരോപണങ്ങള്‍ പാനല്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ സഊദി ഉന്നയിച്ച ആരോപണങ്ങളെ ഖത്തര്‍ ശക്തമായി നിഷേധിച്ച കാര്യം പാനല്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.
ബ്യൂട്ട്ക്യുവിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതില്‍ സഊദി അറേബ്യ പരാജയപ്പെട്ടതിനെ ന്യായീകരിക്കാന്‍ കഴമ്പുള്ള ഒരുവാദവും ഡബ്യുടിഒക്ക് കണ്ടെത്താനായില്ല. ബിഇന്‍ ചാനലിന്റെ കാര്യത്തില്‍ ട്രിപ്‌സ് കരാറിന്റെ 41.1, 41 വകുപ്പുകള്‍ക്കു വിരുദ്ധമായാണ് സഊദി പ്രവര്‍ത്തിച്ചതെന്നും ഡബ്ല്യുടിഒ പാനല്‍ കണ്ടെത്തിയിരുന്നു.
സഊദി അറേബ്യയുടെ അധികാരപരിധിയിലുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ആണ് ബ്യൂട്ട്ക്യു പ്രവര്‍ത്തിപ്പിക്കുന്നത് എന്നതിന് പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടും ക്രിമിനല്‍ നടപടിക്രമങ്ങളും ശിക്ഷാനടപടികളും സൗഊദി അറേബ്യ സ്വീകരിച്ചില്ല. അതുകൊണ്ടുതന്നെ ട്രിപ്‌സ് കരാറിലെ 61-ാം വകുപ്പിന് വിരുദ്ധമായി സഊദി പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബൗദ്ധിക സ്വത്തവകാശം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനും ഡബ്ല്യുടിഒ നിയമത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കാനും പാനല്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്ന കാര്യവും ഖത്തര്‍ ചൂണ്ടിക്കാട്ടി.
കുറ്റവാളികള്‍ക്കെതിരെ ന്യായമായ, സമയബന്ധിതവും സുതാര്യവുമായ നിയമനടപടി സ്വീകരിക്കുന്നതിന് സഊദി അറേബ്യക്ക് പാനല്‍ നല്‍കിയ കൃത്യമായ നിര്‍ദേശത്തിന്റെ അനന്തരഫലം ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അപ്പീല്‍ നല്‍കാനുള്ള നീക്കമെന്നും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ലോകമെമ്പാടുമുള്ള പ്രധാന കായിക ഇനങ്ങളുടെയും മറ്റ് പ്രക്ഷേപണങ്ങളുടെയും മോഷണം തടയാനും ഉടമ്പടി ബാധ്യതകള്‍ പാലിക്കാനും സഊദി അറേബ്യക്ക് അവസരം നല്‍കുന്നതായിരുന്നു ഡബ്ല്യുടിഒ പാനലിന്റെ തീരുമാനം. ഖേദകരമെന്തെന്നാല്‍ സഊദി അറേബ്യ ആ അവസരം ഒഴിവാക്കുകയായിരുന്നുവെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സഊദി അറേബ്യയുടെ ഏത് അപ്പീലും പരാജയപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും ഖത്തര്‍ മന്ത്രാലയം വ്യക്തമാക്കി.
അപ്പീല്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായി ലക്ഷ്യമിടുന്നുവെങ്കില്‍, ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള വ്യവഹാര സംവിധാനം അംഗീകരിക്കുന്നതിന് സഊദി അറേബ്യ ഖത്തറുമായി നല്ല വിശ്വാസത്തോടെ ഇടപെടണമെന്നും കൂട്ടിച്ചേര്‍ത്തു.

error: Content is protected !!