Saturday, August 15ESTD 1934

സാവി കോവിഡ് മുക്തനായി

ദോഹ: വിഖ്യാത സ്പാനിഷ് താരവും അല്‍സദ്ദ് പരിശീലകനുമായ സാവി ഹെര്‍ണാണ്ടസ് കോവിഡ് രോഗമുക്തനായി. സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയതായും അല്‍സദ്ദിന്റെ മുഖ്യപരിശീലകനെന്ന നിലയില്‍ ജോലി പുനരാരംഭിച്ചതായും മുന്‍ ബാഴ്‌സ താരം കൂടിയായ സാവി ഹെര്‍ണാണ്ടസ് പ്രതികരിച്ചു. ഈ ദിവസങ്ങളില്‍ തനിക്കു ലഭിച്ച എല്ലാ കരുതലുകള്‍ക്കും സന്ദേശങ്ങള്‍ക്കും വളരെയധികം നന്ദിയുണ്ടെന്ന് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സാവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ സുഖംപ്രാപിച്ചതായും കുടുംബത്തിനും അല്‍സദ്ദ് ടീമിനൊപ്പവും ചേരുന്നതായും സാവി പറഞ്ഞു. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി താരങ്ങളെയും ഒഫീഷ്യല്‍സിനെയും സാങ്കേതികപ്രവര്‍ത്തകരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് സാവിക്ക് രോഗം സ്ഥിരീകരിച്ചത്. തനിക്ക് കോവിഡാണെന്ന് സാവി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച സ്റ്റാര്‍സ് ലീഗ് കഴിഞ്ഞയാഴ്ച പുനരാരംഭിച്ചതിനെത്തുടര്‍ന്ന് നടന്ന മത്സരത്തില്‍ സദ്ദ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ഖോറിനെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ സദ്ദിന്റെ പരിശീലകന്‍ സാവിയായിരുന്നില്ല. തിങ്കളാഴ്ച അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നടക്കുന്ന 19-ാം റൗണ്ട് മത്സരത്തില്‍ അല്‍അഹ്‌ലിയെ നേരിടുമ്പോള്‍ സദ്ദിന്റെ പരിശീലകന്‍ സാവിയായിരിക്കും.

error: Content is protected !!