ദോഹ: ലുലു ഗ്രൂപ്പിന് കീഴിൽ ബ്രിട്ടൻ ആസ്ഥാനമായ ബെർമിങ്ഹാമിൽ പ്രവർത്തിക്കുന്ന വൈ ഇന്റർനാഷണൽ (യു.കെ) കയറ്റുമതി കേന്ദ്രത്തിന് അന്താരാഷ്ട്ര അംഗീകാരം. ഗ്രേറ്റർ ബെർമിങ്ഹാം ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്റർനാഷണൽ ബിസിനസ് എക്സലൻസ് പുരസ്കാരമാണ് രണ്ടാം തവണയും തേടിയെത്തിയത്. ബെർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, വൈ ഇന്റർനാഷണൽ യു.കെ-ഇറ്റലി ജനറൽ മാനേജർ ഫഹിം, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഏറ്റുവാങ്ങി.
സ്മാർട്ട് മാനുഫാക്ചറിങ്, ഡിസ്ട്രിബ്യൂഷൻ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വൈ ഇന്റർനാഷണലിനുള്ള അംഗീകാരമായാണ് ഈ മുൻനിര പുരസ്കാരം. ഗുണനിലവാരം, ഉപഭോക്തൃ സേവനം, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം, ഗവേഷണം തുങ്ങിയവയിൽ മികവ് പുലർത്തുന്ന കമ്പനിയാണ് വൈ ഇന്റർനാഷണൽ. അന്താഷ്ട്ര തല വ്യാപാര മികവിനുള്ള ബ്രിട്ടന്റെ ഏറ്റവും സമുന്നത അംഗീകാരമായ ഇന്റർനാഷണൽ ട്രേഡ് ക്വീൻസ് അവാർഡ് 2017-ൽ വൈ ഇന്റർനാഷണൽ നേടുകയുണ്ടായി.
ഗ്രേറ്റർബെർമിങ്ഹാം ചേംബേഴ്സ് ഓഫ് കൊമേഴ്സ് രണ്ടാം തവണയും പുരസ്കാരത്തിന് തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ‘വിവിധ മേഖലകളിലെ നവീകരണം മുതൽ ഉപഭോക്തൃ സേവനം വരെയുള്ള എല്ലാ മേഖലകളിലെയും മികവാർന്ന പ്രകടനം ഞങ്ങളുടെ വിജയത്തിൽ നിർണായകമാണ്..
ഈ അംഗീകാരത്തിനും നിരന്തരമായ പിന്തുണക്കും ചേംബറിന് നന്ദി’ -ഡോ. അൽതാഫ് പറഞ്ഞു.
വൈ ഇന്റർനാഷണൽ, ലുലു എന്നിവയിലെ ടീമിന്റെ പ്രതിബദ്ധതക്കും പ്രവർത്തന മികവിനുമുള്ള അംഗീകാരമാണ് അവാർഡെന്ന് ഫഹിം പറഞ്ഞു. വ്യാപാര രംഗത്ത് കൂടുതൽ നേട്ടങ്ങളിലേക്കുയരാൻ ഇത് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
2013ലാണ് വൈ ഇന്റർനാഷണൽ പ്രവർത്തനം ബ്രിട്ടനിൽ ആരംഭിച്ചത്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.