
ദോഹ: യമനി സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും അപഹരിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലു മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഒന്നു മുതല്‍ നാലുവരെ പ്രതികള്‍ക്കാണ് വധശിക്ഷയെന്ന് ഖത്തറിലെ പ്രമുഖ അഭിഭാഷകന്‍ നിസാര്‍ കൊച്ചേരി മിഡില്‍ഈസ്റ്റ് ചന്ദ്രികയോടു പറഞ്ഞു. ഒന്നാംപ്രതി അഷ്ബീര്‍ കെ, രണ്ടാംപത്രി ഉനൈസ്, മൂന്നാംപ്രതി റഷീദ് കുനിയില്‍, നാലാംപ്രതി ശമ്മാസ് ടി എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ 27 പ്രതികളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റു ചിലര്‍ക്ക് അഞ്ചു വര്‍ഷം തടവും മറ്റു ചിലര്‍ക്ക് ആറുമാസം തടവും ശിക്ഷ വിധിച്ചു. നിരപരാധികളാണെന്ന് കണ്ടെത്തിയ ചില മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ടുവെന്നും വിധി ആശ്വാസകരമാണെന്നും കേസില്‍ സജീവമായി ഇടപെട്ട നിസാര്‍ കോച്ചേരി പറഞ്ഞു. ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് 12 പേര്‍ക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും നിരപരാധികളെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് ഇവര്‍ക്കായി ഇടപെട്ടത്. കൊലപാതക വിവരം മറച്ചുവ്ക്കല്‍, കളവ് മുതല്‍ കൈവശം വെക്കല്‍, നാട്ടിലേക്ക് പണം അയക്കാന്‍ ഐഡി കാര്‍ഡ് നല്‍കി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളില്‍ 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസിലെ എല്ലാ പ്രതികളും മലയാളികളാണ്. പ്രതിചേര്‍ക്കപ്പെട്ടവരില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണ വ്യാപാരിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ മലയാളികളും ഉള്‍പ്പെട്ടതിനാല്‍ കേരളത്തിലുള്‍പ്പടെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനുമുമ്പും നിരവധി കേസുകളില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.