in ,

യമന്‍ സ്വദേശിയുടെ കൊലപാതകം: വെറുതെ വിട്ടത് 13 മലയാളികളെ

വധ ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാം

ദോഹ: സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ യമനി സ്വദേശിയായ സലാഹല്‍ ഖാസിമിയെ(29) കൊലപ്പെടുത്തിയ കേസില്‍ വെറുതെ വിട്ടത് പതിമൂന്ന് മലയാളികളെ. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ് എന്നിവരെയാണ് വെറുതെ വിട്ടത്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒന്നു മുതല്‍ നാലുവരെ പ്രതികളായ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളില്‍ സ്വദേശികളുമായ അഷ്ഫീര്‍ കണ്ണോത്ത്, അനീസ്, റാഷിദ് കുനിയില്‍, ടി.ഷമ്മാസ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രതികളില്‍ ജെയ്‌സീര്‍, ഫയാസ്, ഫൈസല്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഹാരിസിന് മൂന്ന് വര്‍ഷം തടവും 10,000 റിയാല്‍ പിഴയുമാണ് ശിക്ഷ. യൂനസ്, യഹിയ, അബ്ദുറസാഖ്, മുരളി, ബസുകുമാര്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്ക് ആറുമാസം തടവും 3,000 റിയാല്‍ പിഴയും വീതമാണ് ശിക്ഷ. ഒക്ടോബര്‍ 28നായിരുന്നു വിധി പുറപ്പെടുവിച്ചത്. യമന്‍, ഇന്ത്യ, ഖത്തര്‍ പങ്കാളിത്തത്തിലുള്ള സ്വര്‍ണ നിര്‍മാണശാലയിലെ സെയില്‍സ് മേധാവിയായിരുന്നു കൊല്ലപ്പെട്ട സലാഹല്‍ ഖാസിമി. പല തവണ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഖാസിമിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനായിരുന്നു സംഭവം. സ്വര്‍ണ നിര്‍മാണശാലയിലെ അക്കൗണ്ടന്റ്കംസ്‌റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ഒന്നാം പ്രതി കെ. അഷ്ഫീറിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകമെന്നാണ് കണ്ടെത്തല്‍. ഫരീജ് അല്‍ മുര്‍റയിലെ കമ്പനി താമസ സ്ഥലത്ത് ഉറങ്ങുകയായിരുന്ന ഖാസിമിയെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. തല തകര്‍ത്ത് വികൃതമാക്കിയായിരുന്ന കൃത്യം. ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചവരില്‍ ഒന്നാം പ്രതി അഷ്ഫീര്‍ മാത്രമാണ് പൊലീസ് പിടിയിലുള്ളത്. മറ്റു മൂന്നു പേരും ഖത്തറിനു പുറത്താണ്. ഇവരെ പിടികൂടാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സുഹൃത്തുക്കളുടെ സഹായത്താല്‍ അഷ്ഫീര്‍ പലതവണ നാട്ടിലേക്ക് സ്വര്‍ണം കടത്തിയതായും ആക്ഷേപമുണ്ട്. അഷ്ഫീറിന്റെ പേരില്‍ കമ്പനി മോഷണകേസും ഫയല്‍ ചെയ്തിരുന്നു. വധശിക്ഷ ലഭിച്ച മലയാളികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശിക്ഷ ലഭിച്ചവര്‍ക്കെല്ലാം അപ്പീല്‍ കോടതിയെ സമീപിക്കാനാകും.

നിരപരാധിക്കു വേണ്ടിയുള്ള സഹായം; സൈനുല്‍ ആബിദിന്റെ ഇടപെടല്‍ ശ്രദ്ധേയമായി

കെ.സൈനുല്‍ആബിദീന്‍

ദോഹ: യമന്‍ സ്വദേശി സലാഹല്‍ ഖാസിമിയെ(29) കൊലപ്പെടുത്തിയ കേസില്‍ ഒരപരാധവും ചെയ്യാതെ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കു വേണ്ടി സഹായം ചെയ്ത് ഖത്തര്‍ കെ എം സി സി ഉപദേശക സമിതി ചെയര്‍മാനും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ കെ. സൈനുല്‍ആബിദീന്‍ ശ്രദ്ധേയനായി. കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെ വാട്‌സാപ് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ ആബിദിന്റെ ഇടപെടലിനെക്കുറിച്ച് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
സാമ്പത്തികമായി പ്രയാസമുള്ള ഒരു ഗ്രോസറി ജീവനക്കാരനായ കൂത്തുപറമ്പ് മണ്ഡലത്തിലെ യുവാവിന് വേണ്ടിയാണ് സൈനുല്‍ആബിദ് സാമ്പത്തിക സഹായവും നിയമ നടപടികള്‍ക്കായുള്ള ഖത്തരി വക്കീലിനേയും ഏര്‍പ്പാടാക്കിയത്. നാഇഫ് അബ്ദുല്‍ഹമീദ് ഹുസൈന്‍ നിഅ്മ എന്ന ഖത്തരി വക്കീലിനെയാണ് അദ്ദേഹം ഏര്‍പ്പാടാക്കിയത്. കേസ് നടത്താനുള്ള തുകയും സൈനുല്‍ആബിദ് നല്‍കിയത് തങ്ങള്‍ക്ക് ഏറെ ആശ്വാസവും കരുത്തുമാണ് നല്‍കിയതെന്ന് ഖത്തര്‍ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി അക്ബര്‍ കുന്നോത്ത് മിഡില്‍ ഈസ്റ്റ് ചന്ദ്രികയെ അറിയിച്ചു. സൈനുല്‍ആബിദ് ഞങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശവും, ഉപദേശവും ധൈര്യവും തന്നു കൂടെ നിന്നു. ഒപ്പം ആ യുവാവിന്റെ മോചനത്തിന് വേണ്ടുന്ന മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്തു. വക്കീലിനെ ഏര്‍പ്പാടാക്കിത്തന്നു. ഒപ്പം വക്കീല്‍ ഫീസും ഏറ്റെടുത്തു-അക്ബര്‍ വിശദീകരിച്ചു.
നേരത്തെ ഇന്ത്യക്കാരനായ മറ്റൊരു പ്രമുഖ വക്കീലിനെ കേസുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നുവെങ്കിലും വന്‍തുക ഫീസ് വേണമെന്ന് അറിയിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കമുള്ളയാളാണെന്ന് പറഞ്ഞെങ്കിലും യാതൊരു തരത്തിലും ഇളവ് ചെയ്യാനാവില്ലെന്ന് അദ്ദേഹം കണിശമായി അറിയിച്ചു. ഇത്തരമൊരു നിസ്സഹായാവസ്ഥയിലാണ് സൈനുല്‍ആബിദിന്റെ ഇടപെടല്‍ ആശ്വാസമായതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഫഹദ് കരിയാട് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 226 പേര്‍ക്കു കൂടി കോവിഡ്; 206 പേര്‍ കൂടി രോഗമുക്തരായി

സുസ്ഥിരതാ വാരാചരണത്തില്‍ പങ്കുചേര്‍ന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌