in

അറബ് റഫറന്‍സ് ഗ്രന്ഥങ്ങളുടെ ചങ്ങാതി യൂസുഫ് അന്‍സാരി നാട്ടിലേക്ക് മടങ്ങി

ദോഹ: നജ്മയില്‍ സൂഖ് ഹറാജിനടുത്തൊരു പള്ളിയുണ്ട്. ആ പള്ളിയോടു ചേര്‍ന്നൊരു താമസ കേന്ദ്രവും.
അതിനകത്തേക്ക് കടന്നു ചെല്ലുന്നവര്‍ ഏറെ അതിശയത്തോടെ നോക്കുക അവിടെ കാണുന്ന പുസ്‌കത ശേഖരങ്ങളാണ്. അറേബ്യന്‍ വിജ്ഞാനത്തിലെ കനപ്പെട്ട മുത്തുകള്‍ ഒളിപ്പിച്ചു വെച്ച വോള്യങ്ങളടങ്ങിയ പുസ്തകങ്ങള്‍ക്കൊരു ചങ്ങാതിയുണ്ട്, യൂസുഫ് അന്‍സാരി.
കാല്‍നൂറ്റാണ്ടു കാലത്തെ ഖത്തര്‍ പ്രവാസത്തിനിടയില്‍ അറേബ്യന്‍ വിജ്ഞാന ലോകത്തെ കനപ്പെട്ട ഗ്രന്ഥങ്ങളെ തന്നോടൊപ്പം ചേര്‍ത്തുവെച്ച അന്‍സാരി നാട്ടിലേക്ക് മടങ്ങി. ഇക്കാലത്തിനിടയില്‍ ചെറുതും വലുതുമായ 23 പുസ്തകങ്ങള്‍ രചിക്കുകയും നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയുമാണ് അദ്ദേഹം ഖത്തറില്‍ നിന്നും തിരികെപ്പോയത്.
തന്നേക്കാളേറെ ഗ്രന്ഥങ്ങള്‍ സൗകര്യത്തോടെ സൂക്ഷിക്കാനുള്ള ഇടങ്ങളില്‍ മാത്രമാണ് യൂസുഫ് അന്‍സാരി കഴിഞ്ഞത്. സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്റെ രചനയുള്‍പ്പെടെ
റഫറന്‍സ് ലൈബ്രറിയില്‍ പോലുമില്ലാത്തത്രയും കനത്ത അറബ് ഗ്രന്ഥങ്ങളുടെ വാല്യങ്ങളാണ് അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിലുള്ളത്. വില കൊടുത്തു വാങ്ങുന്നതിന് പുറമേ അദ്ദേഹത്തിന്റെ പുസ്തകപ്രേമം നന്നായി അറിയാവുന്ന ഖത്തരികളും മറ്റു അറബികളും സ്‌നേഹത്തോടെ സമ്മാനിച്ചുമാണ് ഈ ഗ്രന്ഥങ്ങളെല്ലാം കൈകളിലെത്തിയത്. വായിക്കുക മാത്രമല്ല, വായിച്ചെടുത്തവ ആവശ്യനുസരണം ഓര്‍ത്തെടുത്ത് ഉപയോഗപ്പെടുത്താനും അറിവാഗ്രഹിക്കുന്നവര്‍ക്ക് പകര്‍ന്നു നല്കാനും ഏതു സമയത്തും അദ്ദേഹം സന്നദ്ധനായിരുന്നു. സഊദി അറേബ്യയില്‍ രണ്ടു വര്‍ഷവും യു എ ഇയില്‍ മാസങ്ങളും പ്രവാസം പൂര്‍ത്തിയാക്കിയാണ് 1995ല്‍ യൂസുഫ് അന്‍സാരി ഖത്തറിലെത്തിയത്. നേരത്തെ കോഴിക്കോട് ശബാബിലും പുടവയിലുമായി പ്രവര്‍ത്തിച്ചിരുന്നു.
ഖത്തര്‍ മതകാര്യ വകുപ്പിലെ ജോലിക്കിടയിലെ ഒഴിവ് സമയങ്ങളില്‍ അറബ് പത്രങ്ങളും മാസികകളും വായിച്ചിരുന്ന അദ്ദേഹം അവ പലതും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പൗരാണികവും ആധുനികവുമായ അറബ് ഗ്രന്ഥങ്ങള്‍ പരിചയപ്പെടാന്‍ മതകാര്യ വകുപ്പിലെ ജോലി ഏറെ സഹായിച്ചു.
അല്‍മനാറിലും ശബാബിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരം ‘തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചതാണ് ആദ്യത്തെ പുസ്തകം. പിന്നീട് കര്‍മങ്ങളുടെ വസന്തം, മക്കയുടെ ചരിത്രം, അശ്രദ്ധ നാശത്തിലേക്ക്, ഇസ്ലാമിക വൈദ്യശാസ്ത്ര പഠനം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അശ്രദ്ധ നാശത്തിലേക്ക് എന്ന പുസ്തകമാണ് ഇതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇതിനകം ഈ പുസ്തകത്തിന്റെ നാല് എഡിഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മക്കയുടെ ചരിത്രം എന്ന പുസ്തകത്തിന്റെ ആറായിരം കോപ്പി ഖത്തറില്‍ മാത്രം പ്രിന്റ് ചെയ്ത് വിതരണം ചെയ്തിട്ടുണ്ട്. ഇസ്ലാമിക വൈദ്യശാസ്ത്രപഠനത്തിന്റെ മൂന്നാം എഡിഷനും പുറത്തിറങ്ങിയിട്ടുണ്ട്.
മദീനയുടെ ചരിത്രം, പ്രവാചകനും അഹ്‌ലുല്‍ ബൈത്തും, മരുഭൂമിയിലെ സസ്യങ്ങള്‍, ഇസ്ലാമിക ചരിത്രം കാലഘട്ടങ്ങളിലൂടെ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നവയില്‍ ഉള്‍പ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ
ഇവ പുറത്തിറക്കാനാണ് ഉദ്ദേശ്യം. പെരിന്തല്‍മണ്ണ, പുലാമന്തോളിനടുത്ത ടി. എന്‍. പുരം സ്വദേശിയാണ്. സക്കിയ്യയാണ് ഭാര്യ. ശഹീമ, ഹിഷാം എന്നിവര്‍ മക്കളും അമീനുല്‍ ഹഖ്, ശഹ്ല എന്നിവര്‍ മരുമക്കളുമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആദരിച്ചു

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ